Saturday, December 14, 2013

വിവരാവകാശനിയമവും സഹകരണ സ്ഥാപനങ്ങളും

Mathrubhumi Daily Posted on: 13 Dec 2013

അഡ്വ. ടി. ആസഫ് അലി


ഇക്കഴിഞ്ഞ ഒക്ടോബര്‍ ഏഴാംതീയതി, വിവരാവകാശനിയമം സഹകരണസംഘങ്ങള്‍ക്ക് ബാധകമല്ലെന്ന് പ്രസ്താവിച്ച സുപ്രീംകോടതിവിധി വരുംനാളുകളില്‍ സഹകരണ സ്ഥാപനങ്ങളില്‍നിന്ന് വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നത് ഏറെ ദുഷ്‌കരമാക്കും. കേരള സഹകരണനിയമമനുസരിച്ച് രജിസ്റ്റര്‍ചെയ്ത എല്ലാ സഹകരണ സ്ഥാപനങ്ങളും വിവരാവകാശനിയമത്തിന്റെ പരിധിയില്‍വരുന്ന പൊതു അധികാരസ്ഥാനങ്ങളാണെന്ന കേരള ഹൈക്കോടതിയുടെ, തലപ്പാറ സര്‍വീസ് സഹകരണബാങ്ക് കേസിലെ ഫുള്‍ബെഞ്ച് വിധിക്കെതിരെയുള്ള അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണനും ജസ്റ്റിസ് എ.കെ.സിക്രിയും ഉള്‍പ്പെട്ട ബെഞ്ചിന്റെ ഈ വിധി. 

സംസ്ഥാനത്തെ സഹകരണസംഘങ്ങള്‍ വിവരാവകാശനിയമത്തില്‍ നിര്‍വചിച്ചവിധത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതോ സര്‍ക്കാര്‍ നിയന്ത്രത്തിലുള്ളവയോ സര്‍ക്കാറില്‍നിന്ന് ഗണനീയമായ സാമ്പത്തികസഹായം ലഭിക്കുന്നതോ ആയ സ്ഥാപനങ്ങളല്ലെന്ന് വിധിയില്‍ പറയുന്നു. അതിനാല്‍, അവയെ വിവരാവകാശനിയമം അനുസരിച്ചുള്ള പൊതു അധികാരസ്ഥാനമായി കണക്കാക്കാനാവില്ല. പക്ഷേ, സംസ്ഥാന സഹകരണ രജിസ്ട്രാറും ജോയന്റ് രജിസ്ട്രാര്‍മാരും വിവരാവകാശനിയമം അനുസരിച്ചുള്ള പൊതു അധികാരസ്ഥാനങ്ങളാണ്. അതിനാല്‍ കോ-ഓപ്പറേറ്റീവ് രജിസ്ട്രാര്‍ക്കും ജോയന്റ് രജിസ്ട്രാര്‍മാര്‍ക്കും സംസ്ഥാനത്തെ ഏതെങ്കിലും സഹകരണസ്ഥാപനങ്ങളില്‍നിന്ന് നിയമാനുസൃതമായി പ്രാപ്യമാക്കാന്‍ കഴിയുന്ന ഏതൊരു വിവരവും ആര് ആവശ്യപ്പെട്ടാലും വിവരാവകാശനിയമം 2(എഫ്) വകുപ്പനുസരിച്ച് ഏതൊരു പൗരനും നല്‍കാന്‍ ബാധ്യസ്ഥരാണെന്ന് പ്രസ്തുത സുപ്രീംകോടതി വിധിയിലെ 52-ാം ഖണ്ഡികയില്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. അതായത്, സംഘത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ വിധിയുടെ അടിസ്ഥാനത്തില്‍ നേരിട്ട് സ്ഥാപനത്തില്‍ ആവശ്യപ്പെട്ടാല്‍ ലഭിക്കില്ലെങ്കിലും അപേക്ഷകന്‍ സഹകരണ രജിസ്ട്രാറോടോ ജോയന്റ് രജിസ്ട്രാറോടോ ആവശ്യപ്പെട്ടാല്‍ ബന്ധപ്പെട്ട സ്ഥാപനത്തില്‍നിന്ന് അപേക്ഷകന് സഹകരണ രജിസ്ട്രാര്‍ വിവരാവകാശനിയമ വ്യവസ്ഥകള്‍ക്കനുസരിച്ച് ലഭ്യമാക്കിക്കൊടുക്കുമെന്നാണ് സുപ്രീംകോടതിവിധി വ്യക്തമാക്കുന്നത്. 

മാത്രമല്ല, ഏതെങ്കിലും സംഘം സര്‍ക്കാറിന്റെ നിയന്ത്രണത്തിലോ അഥവാ സ്ഥാപനം സര്‍ക്കാറിന്റെ ഗണനീയമായ സാമ്പത്തികസഹായം ലഭിക്കുന്ന സ്ഥാപനമാണെന്ന് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തീരുമാനിക്കുന്ന മുറയ്‌ക്കോ സഹകരണസ്ഥാപനങ്ങള്‍ വിവരങ്ങള്‍ നല്‍കണമെന്നുമാണ് വിധിയില്‍ പറഞ്ഞിട്ടുള്ളത്. അതിനാല്‍, സുപ്രീംകോടതിവിധിയോടെ സംസ്ഥാനത്തെ മുഴുവന്‍ സഹകരണ സ്ഥാപനങ്ങളെയും പൂര്‍ണമായും വിവരാവകാശനിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയെന്ന് പറയാനാവില്ല.

സ്വതന്ത്ര ഇന്ത്യയുടെ നിയമനിര്‍മാണചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായൊരു നിയമമാണ് 2005-ലെ വിവരാവകാശനിയമം. ജനാധിപത്യത്തിന് ഉദ്ബുദ്ധരായ പൗരാവലി ആവശ്യമായതിനാലും അതിന്റെ പ്രവര്‍ത്തനത്തിന് വിവരത്തിന്റെ സുതാര്യത അത്യന്താപേക്ഷിതമായതിനാലും അഴിമതി നിയന്ത്രിക്കേണ്ടതിനാലും സര്‍ക്കാറുകള്‍ക്കും അതിന്റെ ഉപഘടകങ്ങള്‍ക്കും ഭരണീയരോടുള്ള ഉത്തരവാദിത്വം നിറവേറ്റേണ്ടതിനാലുമാണ് ഈ നിയമനിര്‍മാണം ആവശ്യമായിട്ടുള്ളതെന്ന് നിയമത്തിന്റെ ആമുഖത്തില്‍ത്തന്നെ പറഞ്ഞിട്ടുണ്ട്. അതിനാല്‍,നിയമത്തെ വ്യാഖ്യാനിക്കുമ്പോള്‍ ആമുഖത്തിലെ ലക്ഷ്യങ്ങള്‍ വിസ്മരിക്കാനാവില്ല. പൊതു അധികാരസ്ഥാനങ്ങളുടെ നിയന്ത്രണത്തിലും കൈവശത്തിലുമുള്ള എല്ലാവിവരങ്ങളും ജനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളാണ്. സര്‍ക്കാറിന്റെ പണം നികുതിദായകന്റെ പണമാണ്. സര്‍ക്കാറിന്റെ പണവും സര്‍ക്കാറിന്റെ നിയന്ത്രണവും എവിടെയുണ്ടോ അവിടെയെല്ലാം വിവരാവകാശനിയമം ബാധകമാണെന്നാണ് നിയമപരമായ അനുമാനം.

വിവരാവകാശനിയമത്തില്‍ നിര്‍വചിച്ചിരിക്കുന്ന 'പൊതു അധികാരസ്ഥാന'മെന്നതിന്റെ നിര്‍വചനം പരിശോധിച്ചാല്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ളതും ഉടമസ്ഥതയിലുള്ളതും ഉടമസ്ഥത അല്ലെങ്കില്‍ സര്‍ക്കാറില്‍നിന്ന് ഗണനീയമായ സാമ്പത്തികസഹായം ലഭിക്കുന്നതുമായ എല്ലാ സ്ഥാപനങ്ങളും 2 (എച്ച്) വകുപ്പില്‍ വിവരിച്ചിട്ടുള്ള പൊതു അധികാരസ്ഥാനത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നതാണ്. വിവരാവകാശനിയമം 2 (എച്ച്) (ഡി) (1) വകുപ്പനുസരിച്ചുള്ള സ്ഥാപനങ്ങളുടെ വ്യാഖ്യാനത്തിലാണ് സുപ്രീംകോടതിവിധി സംബന്ധിച്ച പുതിയ വിവാദം ഉണ്ടാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതോ സര്‍ക്കാറിന് നിയന്ത്രണമുള്ളതോ സര്‍ക്കാറില്‍നിന്ന് ഗണനീയമായ സാമ്പത്തികസഹായം ലഭിക്കുന്നതോ ആയ സ്ഥാപനങ്ങള്‍ വിവരാവകാശ നിയമപ്രകാരമുള്ള പൊതു അധികാരസ്ഥാനങ്ങളാണ്. അവയില്‍നിന്നെല്ലാം വിവരാവകാശനിയമം അനുവദിക്കുന്ന രീതിയിലുള്ള വിവരങ്ങള്‍ പൗരന്മാര്‍ ആവശ്യപ്പെട്ടാല്‍ നല്‍കാന്‍ ബാധ്യസ്ഥരാണ്. സുപ്രീംകോടതിമുമ്പാകെ സഹകരണ നിയമത്തിന്റെ നാനാവശങ്ങള്‍ ഒന്നുംതന്നെ അവതരിപ്പിക്കാതിരിക്കുകയും സവിസ്തരം വിശകലനംചെയ്യാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സുപ്രീംകോടതി, സഹകരണസ്ഥാപനങ്ങള്‍ വിവരാവകാശ നിയമപ്രകാരമുള്ള പൊതു അധികാരസ്ഥാനങ്ങളല്ലെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.


സഹകരണ സ്ഥാപനങ്ങളിന്മേലുള്ള സര്‍ക്കാര്‍ നിയന്ത്രണം

സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങള്‍ സര്‍ക്കാറിന്റെ പരിപൂര്‍ണ നിയന്ത്രണത്തിലാണെന്ന് കേരള സഹകരണനിയമം പരിശോധിച്ചാല്‍ മനസ്സിലാവും. കേരള സഹകരണനിയമം 3(1) വകുപ്പനുസരിച്ച് സര്‍ക്കാര്‍ നിയമിക്കുന്ന രജിസ്ട്രാര്‍ക്ക് 3(2) വകുപ്പനുസരിച്ച് സര്‍ക്കാര്‍ ചുമതലപ്പെടുത്തിക്കൊടുത്തിരിക്കുന്ന വിപുലമായ അധികാരങ്ങള്‍ ഉപയോഗിച്ച് ഏതൊ
രു സഹകരണസ്ഥാപനത്തിന്റെയും ഭരണസമിതി മതിയായ കാരണത്താല്‍ പിരിച്ചുവിട്ട്, പകരം സര്‍ക്കാര്‍ തീരുമാനിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ നിയമിക്കാന്‍ അധികാരമുണ്ട്. സഹകരണനിയമം 32, 33 വകുപ്പുകള്‍ സഹകരണ രജിസ്ട്രാര്‍ക്ക് നല്‍കുന്ന അധികാരത്തില്‍ കോടതികള്‍പോലും അപൂര്‍വമായിട്ടേ ഇടപെടാന്‍ പാടുള്ളൂ. സഹകരണനിയമം 33-ാം വകുപ്പനുസരിച്ച് രജിസ്ട്രാര്‍ നാമനിര്‍ദേശം ചെയ്യുന്ന ഭരണസമിതിയുടെ കാലാവധി നീട്ടിക്കൊടുക്കാന്‍പോലും കേരള സഹകരണനിയമം 33 (1) (എ) വകുപ്പനുസരിച്ച് സര്‍ക്കാറിന് അധികാരമുണ്ട്. ഏതെങ്കിലും സഹകരണസ്ഥാപനം സഹകരണനിയമത്തിനും ചട്ടങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുന്നെന്ന് തോന്നിയാല്‍ സ്ഥാപനത്തെ നേരായവഴിക്ക് നയിക്കാന്‍ ആവശ്യമായ എല്ലാ നിര്‍ദേശങ്ങളും നല്‍കാന്‍ രജിസ്ട്രാര്‍ക്ക് അധികാരമുണ്ട്. തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്, വൈസ്​പ്രസിഡന്റ്, ചെയര്‍മാന്‍ എന്നിവരൊഴികെ സ്ഥാപനത്തിലെ ഏതൊരു ഉദ്യോഗസ്ഥനെയും ജോലിയില്‍നിന്ന് നീക്കം ചെയ്യാനും സഹകരണസ്ഥാപനം നടത്തിയ നിയമനങ്ങള്‍വരെ റദ്ദുചെയ്യാനും രജിസ്ട്രാര്‍ക്ക് അധികാരമുണ്ട്. രജിസ്ട്രാറുടെ അത്തരം നടപടി കേരള ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവെച്ചിട്ടുള്ളതുമാണ്. സഹകരണസ്ഥാപനത്തില്‍ തൊഴില്‍തേടിയ ഉദ്യോഗാര്‍ഥിക്ക് നിയമവിരുദ്ധമായി തൊഴില്‍ നിഷേധിച്ച ഭരണസമിതിയുടെ തീരുമാനം റദ്ദാക്കിക്കൊണ്ടുള്ള രജിസ്ട്രാറുടെ നടപടിയും ഹൈക്കോടതി ശരിവെച്ചിട്ടുണ്ടായിരുന്നു. സഹകരണ സ്ഥാപനങ്ങളില്‍ നിമയവിരുദ്ധമായ വല്ല നിയമനവും നടന്നാല്‍ രജിസ്ട്രാര്‍ക്ക്, സഹകരണനിയമം 66(5) വകുപ്പനുസരിച്ച് അത് നിര്‍ത്തിവെക്കാനും അധികാരമുണ്ട്. കേരള സഹകരണ നിയമമനുസരിച്ച് സര്‍ക്കാറിന് സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ മേല്‍ വിവരിച്ച പ്രകാരം വിപുലമായ അധികാരങ്ങളും നിയന്ത്രണങ്ങളുമുണ്ട്. കേരള സഹകരണനിയമം 87-ാം വകുപ്പനുസരിച്ച് സര്‍ക്കാറിന് രജിസ്ട്രാര്‍ ഉള്‍പ്പെടെയുള്ള ഏത് കീഴുദ്യോഗസ്ഥരുടെയും ഏത് നടപടി സംബന്ധിച്ചുള്ള ഫയലുകളും വിളിച്ചുവരുത്തി നടപടി റദ്ദുചെയ്യാനും പുനഃപരിശോധിക്കുന്നതിനായി തിരിച്ചയയ്ക്കാനും അധികാരമുണ്ട്. റിവിഷന്‍ ഹര്‍ജി പരിഗണിച്ച് തീര്‍പ്പുണ്ടാവുന്നതുവരെ റിവിഷന് ആസ്​പദമായ നടപടി നിര്‍ത്തിവെക്കാനും 87 (3) വകുപ്പ് സര്‍ക്കാറിന് അധികാരം നല്‍കുന്നുണ്ട്. സഹകരണനിയമം 71-ാം വകുപ്പനുസരിച്ച് സഹകരണസ്ഥാപനത്തെ ലിക്വിഡേറ്റ്‌ചെയ്യാനും സര്‍ക്കാറിന് അധികാരമുണ്ട്. സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ യോഗ്യത, ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവസംബന്ധിച്ച് ചട്ടമുണ്ടാക്കാനുള്ള അധികാരവും സര്‍ക്കാറില്‍ നിക്ഷിപ്തമാണ്.
ഇപ്രകാരം സര്‍ക്കാറിന്റെ പൂര്‍ണനിയന്ത്രണത്തില്‍മാത്രം പ്രവര്‍ത്തിക്കുന്ന സഹകരണസ്ഥാപനങ്ങള്‍ സര്‍ക്കാറിന്റെ നിയന്ത്രണമില്ലെന്ന കാരണം കണ്ടെത്തി വിവരാവകാശനിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയ സുപ്രീംകോടതിവിധി നിയമപരമായി തെറ്റാണ്.
വിവരാവകാശ നിയമം 2 (എച്ച്) വകുപ്പില്‍ വിവരിക്കുന്ന സര്‍ക്കാറിന്റെ നിയന്ത്രണം അല്ലെങ്കില്‍ സര്‍ക്കാറിനാലുള്ള ഗണനീയമായ സാമ്പത്തികസഹായം (Substantially Financed) എന്ന പദങ്ങള്‍കൊണ്ട് അര്‍ഥമാക്കുന്നത് എന്താണ്?

സഹകരണസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാറിന്റെ ഗണനീയമായ സാമ്പത്തികസഹായം ലഭിക്കുന്നില്ലെന്ന സുപ്രീംകോടതിയുടെ കണ്ടെത്തലും വാസ്തവവിരുദ്ധമാണ്. സഹകരണസ്ഥാപനങ്ങള്‍ അംഗങ്ങളുടെ ഓഹരിമൂലധനംകൊണ്ടുമാത്രം പ്രവര്‍ത്തിക്കുന്നവയാണെന്നും അതിനാല്‍ അംഗങ്ങളല്ലാത്ത സാധാരണ പൗരന് അതിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് ചോദ്യമുന്നയിക്കാന്‍ അവകാശമില്ലെന്നുമുള്ള നിഗമനത്തില്‍ എത്തുന്നത് ശരിയല്ല. സര്‍ക്കാറിന്റെ പണം പൊതുജനങ്ങളുടെ നികുതിപ്പണമാണ്. ഇപ്രകാരം സമാഹരിക്കപ്പെട്ട നികുതിപ്പണത്തെക്കുറിച്ചും ചെലവ് സംബന്ധിച്ചുമുള്ള കണക്ക് ആവശ്യപ്പെടാനുള്ള പൊതുജനങ്ങളുടെ അവകാശമാണ് വിവരാവകാശം ഉറപ്പുനല്‍കിയിട്ടുള്ളത്. മറിച്ച് നടത്തിപ്പ് സംബന്ധിച്ചുള്ള ആവശ്യകതകള്‍ക്കനുസരിച്ച് സര്‍ക്കാര്‍ പണം നല്‍കുന്നുണ്ടെങ്കില്‍മാത്രമേ നികുതിദായകരായ പൊതുജനങ്ങള്‍ക്ക് കണക്ക് ആവശ്യപ്പെടാനാവൂവെന്ന അര്‍ഥംവരത്തക്കവിധം വ്യാഖ്യാനം നല്‍കുന്നത് നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെത്തന്നെ പാടേ പരാജയപ്പെടുത്തുകയേയുള്ളൂ.

സംസ്ഥാനത്തെ പ്രാഥമിക സംഘംതൊട്ട് അപ്പക്‌സ് സംഘം വരെയുള്ള സ്ഥാപനങ്ങള്‍ സംസ്ഥാന സര്‍ക്കാറിന്റെയും കേന്ദ്രസര്‍ക്കാറിന്റെയും കേന്ദ്രസര്‍ക്കാറിന്റെ കീഴിലെ വിവിധ സ്ഥാപനങ്ങളുടെയും വിവിധ രീതിയിലുള്ള സാമ്പത്തികസഹായംകൊണ്ടുമാത്രം നിലനില്‍ക്കുന്നവയാണ്. സംസ്ഥാനത്തെ ജില്ലാ ബാങ്കുകളുടെയും സംസ്ഥാന സഹകരണബാങ്കിലെയും ഓഹരിമൂലധനക്കണക്ക് പരിശോധിച്ചാല്‍ ഇത് വ്യക്തമാവും. 1.75 കോടി രൂപ മുതല്‍ 319.20 കോടിവരെവരും വിവിധ ബാങ്കുകളിലെ സര്‍ക്കാറിന്റെ വിഹിതം.

സംസ്ഥാനസര്‍ക്കാറിന് പുറമേ കേന്ദ്രസര്‍ക്കാറും കേന്ദ്ര കാര്‍ഷിക സഹകരണ വകുപ്പിന് കീഴിലെ നാഷണല്‍ കോ-ഓപ്പറേറ്റീവ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനും സംസ്ഥാനത്തെ ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്ക് മുഖാന്തരം വിവിധങ്ങളായ പദ്ധതികള്‍ക്ക് 70 ശതമാനംവരെ സഹായധനം നല്‍കിവരുന്നുണ്ട്. ഓഹരി മൂലധന സഹായമായി സംസ്ഥാനത്തെ 1604 പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍ക്കും സെല്‍ഫ് ഹെല്‍പ്പ് ഗ്രൂപ്പിനുള്ള സഹായമായി രണ്ടുലക്ഷം രൂപ വീതം ധനസഹായം നല്‍കിയിട്ടുണ്ട്. പ്രാഥമിക കാര്‍ഷിക വായ്പസംഘങ്ങള്‍ക്ക് ഓഹരിമൂലധനമായും സബ്‌സിഡിയായി കമ്പ്യൂട്ടര്‍വത്കരണത്തിനും സാങ്കേതിക ആധുനികീകരണത്തിനുമായി 10 ലക്ഷം രൂപവീതം നല്‍കിയിരിക്കുന്നു. അതേപോലെ സാമ്പത്തികമായി ദുര്‍ബലമായ അര്‍ബന്‍ സഹകരണബാങ്കുകള്‍ക്കും എംപ്ലോയീസ് വായ്പസംഘങ്ങള്‍ക്കും നല്‍കിയ സഹായം 10 ലക്ഷം വീതമാണ്. ഈ വിധത്തില്‍ സര്‍ക്കാറിന്റെ സഹായം എല്ലാതലത്തിലും പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ വിവിധ സഹകരണ സ്ഥാപനങ്ങള്‍ക്ക് പ്രാഥമികതലംതൊട്ട് അപ്പക്‌സ് തലംവരെ സര്‍ക്കാറിന്റെ വ്യാപകമായ സഹായധനം, സഹകരണ സ്ഥാപനങ്ങള്‍വഴി ഒഴുകുമ്പോള്‍ സര്‍ക്കാറിന്റെ ഗണനീയമായ സഹായധനമെന്ന് അതിനെ ശരിയായവിധം വ്യാഖ്യാനിക്കാതെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്ന് സഹകരണസ്ഥാപനങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി നിയമപരമായി പുനഃപരിശോധിക്കേണ്ടതാണ്.
(കേരള ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ആണ് ലേഖകന്‍)